ഇന്ത്യൻ സിനിമാലോകത്തെ മഹാഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. നിരവധി ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച അദ്ദേഹം ഒരു ഗായകൻ എന്നതിലുപരി നടൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഡബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കോവിഡ് ബാധയെ തുടർന്നായിരുന്നു അദ്ദേഹം വിടവാങ്ങിയത്. എസ് പി ബിയുടെ ജീവിതത്തിലൂടെ….
1946 ജൂണ് 4ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് എസ്. പി. സംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായാണ് താരത്തിന്റെ ജനനം. ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്. കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം നിരവധി സംഗീതമത്സരങ്ങളിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം നേരെ പിതാവിന്റെ ആഗ്രഹത്തെ തുടർന്ന് അനന്തപൂരിലെ JNTU എൻജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ കഴിയാതെ വന്നു. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടിയിരുന്നെങ്കിലും അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1964 ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം കരസ്ഥമാക്കി കൊണ്ടായിരുന്നു ഏവരെയും അത്ഭുതപെടുത്തിയിരുന്നത്. അനിരുത്ത (ഹാർമോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാർമോണിയത്തിലും), ഭാസ്കർ (കൊട്ടുവാദ്യത്തിൽ), ഗംഗൈ അമരൻ (ഗിറ്റാർ) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകൻ കൂടിയായിരുന്നു എസ് പി ബി. എസ്. പി. കോദണ്ഡപാണി, ഗണ്ടശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം പേരെടുക്കുകയും ചെയ്തിരുന്നു. അവസരങ്ങൾ തേടി സംഗീതസംവിധായകരെ എസ്. പി. ബി പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ അക്കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം “നിലവെ എന്നിടം നെരുങ്കാതെ” ആയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ മുതിർന്ന പിന്നണി ഗായകനായിരുന്ന പി.ബി. ശ്രീനിവാസ് അദ്ദേഹത്തിന് ഗാനങ്ങൾ എഴുതി നൽകാറുണ്ടായിരുന്നു.ചലച്ചിത്രപിന്നണിഗായകനാകും മുമ്പ് തന്നെ അദ്ദേഹം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ലളിത സംഗീതത്തിന്റെ ആലാപനത്തിലും എസ് പി ബി ഏറെ ശ്രദ്ധേയനാകുകയും ചെയ്തിരുന്നു.
1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആർ നായകനായ അടിമൈപ്പെണ് എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റ് ഗാനം. അദ്ദേഹം ആദ്യമായി മലയാളത്തിൽ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടൽപ്പാലം. ഹിന്ദിയിലെ അരങ്ങേറ്റം ആർ.ഡി.ബർമൻ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979ൽ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.നാല് ഭാഷകളിലായി അമ്പതോളം സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ബാലചന്ദറിന്റെ മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ എന്ന ബഹുമതിയും എസ്.പി.ബിക്ക് മാത്രമാണ് സ്വന്തം. കൈവെച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.